പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, മകൾ ആദിശ്രീ (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു.(Woman and 5-year-old daughter die after lorry hits scooter)
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തിരുവില്വാമലയിലെ സ്വന്തം വീട്ടിൽ നിന്ന് ലക്കിടി കൂട്ടുപാതയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ശരണ്യയും മകളും. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോവുകയായിരുന്നു ടിപ്പറും സ്കൂട്ടറും. ടിപ്പർ സ്കൂട്ടറിൽ ഇടിച്ചതിന് പിന്നാലെ ശരണ്യയുടെയും കുഞ്ഞിന്റെയും ദേഹത്തുകൂടി വാഹനം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയെയും ആദിശ്രീയെയും രക്ഷിക്കാനായില്ല. പരിക്കേറ്റ മോഹൻദാസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.