തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ബി.ജെ.പിയിലേക്ക് എത്തുമെന്ന ശക്തമായ സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂർ കോർപ്പറേഷൻ ഭരണവും തൃശ്ശൂർ നിയമസഭാ മണ്ഡലവും പാർട്ടി പിടിക്കുമെന്നാണ് മന്ത്രി വിവിധ യോഗങ്ങളിൽ ആവർത്തിക്കുന്നത്. ഗ്രാമങ്ങളിലെ 'കലുങ്ക് സംവാദങ്ങളിലടക്കം ഈ സൂചനകൾ നൽകുന്നുണ്ട്.(Will Thrissur Mayor join BJP? Suresh Gopi hints)
മേയർ എം.കെ. വർഗീസിനോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപ്പറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം അനുവദിച്ച 19 കോടി രൂപയുടെ പദ്ധതിക്ക് ഭരണാധികാരികൾ തുരങ്കം വെച്ചതായി അദ്ദേഹം ആരോപിച്ചു. എന്നാൽ, പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "അദ്ദേഹം ഇതിനെതിരേ എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തനിക്കറിയാം," സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി വോട്ട് ചോദിച്ചെത്തിയ സമയത്താണ് മേയർ അദ്ദേഹത്തോട് അനുഭാവം കാണിക്കുന്നു എന്ന ആരോപണം ആദ്യം ഉയർന്നത്. സുരേഷ് ഗോപി ഏറ്റവും നല്ല സ്ഥാനാർത്ഥിയാണെന്നും എം.പി.യാകാൻ 'ഫിറ്റ്' ആണെന്നും തൃശ്ശൂരിന്റെ വികസന സാധ്യതകളെക്കുറിച്ച് ബോധമുള്ള വ്യക്തിയാണെന്നുമുള്ള മേയറുടെ പരസ്യപ്രസ്താവന അന്ന് വലിയ വിവാദമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതോടെ എതിർസ്ഥാനാർത്ഥിയായിരുന്ന സി.പി.ഐ.യിലെ വി.എസ്. സുനിൽകുമാർ മേയറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പിന്നീട് കോർപ്പറേഷന്റെ ആയുഷ്മാൻ ഭാരത് ഉദ്ഘാടനച്ചടങ്ങിൽ മേയർ വീണ്ടും സുരേഷ് ഗോപിയെ പ്രശംസിച്ചു. ഇതിന് മറുപടിയായി സുരേഷ് ഗോപിയും മേയറെ പുകഴ്ത്തി സംസാരിച്ചു.
വിമർശനം ശക്തമായതോടെ സി.പി.എം. സംസ്ഥാന നേതൃത്വം ഇടപെടുകയും മേയർ പത്രസമ്മേളനം വിളിച്ച് ബി.ജെ.പിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രശ്‌നം ഒതുങ്ങിയതിന് പിന്നാലെ മുൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മേയറെ സന്ദർശിച്ചത് വീണ്ടും ചർച്ചയായി.
മേയർ സ്ഥാനത്തേക്ക് ഇനിയില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മൂന്ന് മാസം വിശ്രമമാണെന്നുമാണ് നിലവിൽ എം.കെ. വർഗീസ് പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച വർഗീസ്, എൽ.ഡി.എഫിന് പിന്തുണ നൽകി ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ ഭരണം നേടിയാണ് മേയറായത്.