തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ തലസ്ഥാന നഗരിയിലേക്ക് നീങ്ങവെ, അപ്രതീക്ഷിത നീക്കങ്ങളുമായി ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി വേദിയിലെത്തിയ അദ്ദേഹം, ട്വന്റി 20 ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കി. കേരളത്തെ മാറ്റിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.(Will rewrite Kerala, says Sabu M Jacob)
എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് ട്വന്റി 20 പ്രവർത്തകർ പാർട്ടി വിടുന്നതിനെ അദ്ദേഹം നിസ്സാരവൽക്കരിച്ചു. ആശയപരമായ വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ഒന്നോ രണ്ടോ ശതമാനം ആളുകൾ വിട്ടുപോയേക്കാം. അത് എല്ലാ പാർട്ടിയിലും സാധാരണമാണ്. പോയവർക്ക് പകരമായി നൂറിരട്ടി ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൻഡിഎ പ്രവേശനത്തിന് പിന്നിൽ ബിസിനസ് താല്പര്യമാണെന്ന ആരോപണം ജനങ്ങൾ തീരുമാനിക്കട്ടെ. കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും എന്തും പറയാനുള്ള അവകാശമുണ്ട്. എംഎൽഎ പി.വി. ശ്രീനിജന്റേത് ഒരു ശരാശരി കമ്മ്യൂണിസ്റ്റുകാരന്റെ പ്രതികരണം മാത്രമാണെന്നും സാബു പരിഹസിച്ചു.