'ബാധ്യത രാഹുലിന് മാത്രം': ഗുരുതര ആരോപണങ്ങളും, തെളിവുകളും, ലുക്ക്ഔട്ട് സർക്കുലറും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ MLA സ്ഥാനം തെറിക്കുമോ ? പ്രതിരോധത്തിലായി കോൺഗ്രസ്, തീരുമാനം എന്ത് ? | MLA
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതൽ കടുത്ത നടപടികൾ എടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. രാഹുലിനോട് എം.എൽ.എ. സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടേണ്ടതില്ലെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമായത്.(Will Rahul Mamkootathil lose his MLA post? )
കേസിന്റെ ഗതി പാർട്ടി നിരീക്ഷിക്കും. ഈ വിഷയത്തിൽ പാർട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്. കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതൃത്വം കരുതുന്നത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാർട്ടിയിൽ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾക്കുണ്ടെങ്കിലും, പുറത്താക്കലിലേക്ക് തത്കാലം പോകേണ്ടെന്നാണ് ധാരണ.
പരാതി നൽകിയ രീതിയും തുടർന്നുള്ള സംഭവവികാസങ്ങളും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ തുടർ നടപടി വേണോയെന്ന തീരുമാനം ഹൈക്കമാൻഡ് തത്കാലം കെ.പി.സി.സിക്ക് വിട്ടിരിക്കുകയാണ്. കേസിന്റെയും അന്വേഷണത്തിന്റെയും പോക്ക് എങ്ങനെയെന്ന് നോക്കി തീരുമാനിക്കാമെന്നാണ് ധാരണ. കേസ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്നതും, സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.എം. കെണിയാണെന്നും പറഞ്ഞുള്ള പ്രത്യാക്രമണമാണ് കോൺഗ്രസ് നേതാക്കൾ ആരംഭിച്ചിരിക്കുന്നത്.
ആരോപണം വന്നയുടനെ സസ്പെൻഡ് ചെയ്തില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുകൂലികൾ ചോദ്യം ചെയ്യുന്നത്. നടപടിയുടെ പേരിൽ സതീശനെ ഒറ്റപ്പെടുത്തിയെങ്കിലും കേസ് വരുമ്പോൾ പാർട്ടി പിടിച്ചുനിൽക്കുന്നത് ഈ നടപടി കൊണ്ടാണെന്നാണ് ഇവരുടെ വാദം. നടപടി വകവെക്കാതെ രാഹുൽ ഇറങ്ങിയതിലും അതിനെ പിന്തുണച്ച് ചില നേതാക്കൾ പ്രതികരിച്ചതും പ്രശ്നം വഷളാക്കിയെന്ന വിമർശനവും ഒരു വിഭാഗത്തിനുണ്ട്.
ബാധ്യതയില്ലെന്ന് പറഞ്ഞൊഴിയുമ്പോഴും കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച എം.എൽ.എയ്ക്കെതിരായ കേസ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ പ്രത്യാക്രമണമാണ് വഴിയെന്നാണ് കൂടിയാലോചനയിൽ ഉയർന്ന അഭിപ്രായം. നേതൃത്വം കേസിന്റെ തുടർനീക്കങ്ങളും രാഹുൽ സ്വീകരിക്കുന്ന നിയമ നടപടിയുടെ ഗതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ആണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട് ഉൾപ്പെടെ മൂന്നിടങ്ങളിൽ വെച്ച് രാഹുൽ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. 2025 മാർച്ച് മുതൽ രാഹുൽ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ അടക്കം മൂന്ന് സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു. ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രാഹുൽ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ചും ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്ത് കാറിൽ കയറ്റിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളിക നൽകി. ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും, ബന്ധം പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് സജീവമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നടപടി.
രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിർബന്ധിത ഗർഭഛിദ്രം (ബി.എൻ.എസ്. 89) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടും. രാഹുലിന്റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരി ജോബി ജോസഫിനെതിരെയും കേസെടുത്തു. സുഹൃത്ത് വഴിയാണ് ഗർഭഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
