തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം ഉടൻ രാജിവെക്കണമെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിൽ ഒളിവിലിരിക്കുന്ന രാഹുലുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചാൽ രാജി ആവശ്യപ്പെടാനാണ് കെ.പി.സി.സി. ഒരുങ്ങുന്നത് എന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.(Will Rahul Mamkootathil have to resign from his MLA post ?)
രാഹുൽ സ്വയം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. സ്ഥാനം രാജി വയ്ക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി. യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരും രാഹുൽ സ്വയം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചു. പാർട്ടി കൈവിട്ടതോടെ രാഹുൽ സ്വയം എം.എൽ.എ. സ്ഥാനം രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തിന് രക്ഷയുണ്ടാകില്ല.
സ്വയം ഒഴിയാൻ തയ്യാറായില്ലെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്ത് നൽകാനാകും.സ്പീക്കർക്ക് ഉടൻ തന്നെ കോൺഗ്രസ് കത്ത് നൽകുമെന്നാണ് നിലവിലെ സൂചന.യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. എം.എൽ.എ.യായി സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷമാകുന്ന വേളയിലാണ് രാഹുലിന് പദവി നഷ്ടപ്പെടാൻ പോകുന്നത്.