തൃശൂർ: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യം അസാധാരണമാണെന്നും, അന്വേഷണം പുരോഗമിക്കുന്നതിനെക്കുറിച്ച് പുറത്തുപറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Will oppose strongly, Union Minister Suresh Gopi on Delhi blast)
"കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ട് ആക്രമണ ശ്രമങ്ങളാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നലിലേക്ക് ഓടിയെത്തിയ കാറിലാണ് സ്ഫോടനമുണ്ടായത്. ആരായാലും ശക്തമായി നേരിടും," സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവസ്ഥലം സന്ദർശിച്ചത്. സ്ഫോടനത്തിൽ ഔദ്യോഗികമായി എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഏറ്റ മുറിവാണ് ഈ സ്ഫോടനം. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തെക്കൻ സംസ്ഥാനങ്ങളിൽ പോലീസ് ശക്തമായ വലവിരിച്ചു. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടികൂടുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.