തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പോലെയുള്ള സംഭവവികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉണ്ടാകില്ലെന്ന് ബോർഡിൻ്റെ പുതിയ പ്രസിഡൻ്റും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം വ്രണപ്പെട്ട ഈ സാഹചര്യത്തിൽ, ഭക്തർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകി.(Will not allow the beleif to be hurt, says the New Travancore Devaswom Board President)
നിലവിലെ വിവാദങ്ങൾ വിശ്വാസികൾക്കിടയിൽ വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട് എന്നത് വാസ്തവമാണെന്ന് കെ. ജയകുമാർ സമ്മതിച്ചു. ആ സാഹചര്യം തുടരാൻ അനുവദിക്കില്ല. പ്രവർത്തനങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കും. ഏതെല്ലാം വഴികളിലൂടെയാണ് വൈകല്യങ്ങൾ കടന്നുവന്നത്, അതെല്ലാം ഇല്ലാതാക്കും. അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരും. എവിടെയൊക്കെയാണ് പിടിമുറുക്കേണ്ടത്, അവിടെയൊക്കെ വേണമെങ്കിൽ ശക്തമായി ഇടപെടും.
സ്പോൺസർമാരുടെ കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ഭരണസമിതിയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആരോപണവിധേയരായ സാഹചര്യത്തിൽ, പുതിയ പ്രസിഡൻ്റിൻ്റെ ഈ ഉറപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്.