തിരുവനന്തപുരം : വീർ സവർക്കർ പുരസ്‌കാരം സ്വീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി കോൺഗ്രസ് എം പി ശശി തരൂർ. പുരസ്‌കാരം സംബന്ധിച്ച് കടുത്ത വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ, അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തീരുമാനം വിശദീകരിച്ചത്. കോൺഗ്രസ് നേതാക്കളുടെ ആവശ്യം ഉയർന്നപ്പോഴല്ല, മറിച്ച് താൻ ഇന്നലെ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയെന്ന് പറയുകയാണ് തരൂർ.(Will not accept Veer Savarkar award, Shashi Tharoor MP clarifies reason after controversies)
ഡൽഹിയിൽ വെച്ച് സമ്മാനിക്കുന്ന വീർ സവർക്കർ അവാർഡിന് തന്നെ തിരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ഇന്നലെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പോയപ്പോഴാണ് ഇക്കാര്യം താൻ അറിയുന്നത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും, താനിത് സ്വീകരിച്ചിട്ടില്ലെന്നും, തന്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകർ തനിക്ക് അവാർഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വെച്ച് തന്നെ താൻ മാധ്യമങ്ങളോട് പറഞ്ഞതാണ്. എന്നിട്ടും ഇന്നും ഡൽഹിയിൽ വെച്ച് ചില മാധ്യമങ്ങൾ ഇതേ ചോദ്യം തന്നോട് ആവർത്തിച്ച് ചോദിച്ചു. അതിനാലാണ് താൻ ഇന്ന് ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അവാർഡിന്റെ സ്വഭാവം എന്തെന്നോ, ഏത് സംഘടനയാണ് ഇത് സമ്മാനിക്കുന്നതെന്നോ, മറ്റ് അനുബന്ധ വിവരങ്ങളോ സംബന്ധിച്ച് ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ താൻ പങ്കെടുക്കുമോയെന്നും അവാർഡ് സ്വീകരിക്കുമോയെന്നുമുള്ള ചോദ്യം പോലും ഉദിക്കുന്നില്ല."
അതേസമയം, അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് ഡൽഹിയിൽ അവാർഡിന്റെ സംഘാടകരായ എച്ച്ആർഡിഎസ് ഇന്ത്യ പ്രതികരിച്ചിരുന്നത്. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. എന്നാൽ, വിവാദങ്ങളെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിക്കുകയും, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടായിരുന്നു.