കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ നിലനിൽക്കുന്ന തർക്കത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുമെന്ന് റവന്യൂമന്ത്രിയും സിപിഐ നേതാവുമായ കെ. രാജൻ വ്യക്തമാക്കി. വിവാദത്തിൽ സിപിഐയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, "പറയേണ്ടതൊക്കെ പറയും," എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.(Will move forward without compromise, Minister K Rajan on PM SHRI controversy)
"നിലപാടുകളുള്ള പാർട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകും," കെ. രാജൻ കൂട്ടിച്ചേർത്തു.
പിഎം ശ്രീ വിഷയത്തിൽ ഭരണമുന്നണിയിലെ തർക്കം പരിഹരിക്കാനായി ഇന്ന് നിർണായക യോഗങ്ങൾ ചേരും. ഇന്ന് (തിങ്കളാഴ്ച) തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പിഎം ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ യോഗത്തിൽ ചർച്ച ചെയ്യും.
ഇന്ന് ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ഏറ്റവും ശരിയായ തീരുമാനം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഎം നിലപാടിൽ പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കമുള്ള കടുത്ത നിലപാടുകൾ സിപിഐയുടെ പരിഗണനയിലുണ്ട്.
തന്നെ പി എം ശ്രീ വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. മുഖ്യമന്ത്രി വിളിച്ചിട്ടില്ല എന്നും, വിളിച്ചാൽ സംസാരിക്കും എന്നും പറഞ്ഞ അദ്ദേഹം, ചർച്ചയ്ക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കും എന്നും കൂട്ടിച്ചേർത്തു.
എൽ ഡി എഫ് അങ്ങനെ തന്നെ നിലനിൽക്കുമെന്നും, ഇന്ന് ചേരുന്ന സി പി ഐ എക്‌സിക്യൂട്ടീവിൽ വിശദമായ ചർച്ച നടക്കുമെന്നും, സമവായ നീക്കമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ശരിയായ തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, 'പി.എം. ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ, സമവായ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. കരാറിൽ ഒപ്പിട്ടതിനാൽ അതിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും, പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് പ്രധാനമാണെന്നും മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചുവെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ, കരാറിൽ ഒപ്പിട്ട നടപടി ശരിയായില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിക്കുകയും സി.പി.ഐയുടെ എതിർപ്പ് ആവർത്തിക്കുകയും ചെയ്തുവന്നും ഇതിൽ പറയുന്നു.
വിഷയത്തിൽ അന്തിമ നിലപാട് തീരുമാനിക്കാൻ സി.പി.ഐ.യുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കരാറിൽ നിന്ന് പിന്മാറണമെന്ന സി.പി.ഐ.യുടെ ആവശ്യം ഇതുവരെ വിദ്യാഭ്യാസ വകുപ്പോ സി.പി.എമ്മോ അനുകൂലമായി പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സി.പി.ഐ. കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത.