മുന്നണി മാറ്റത്തിന് കേരള കോൺഗ്രസ് എം? : ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചു ? 'തുടരും' എന്ന് റോഷി അഗസ്റ്റിൻ, കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക് | LDF

കേരള കോൺഗ്രസിൽ ഭിന്നത?
മുന്നണി മാറ്റത്തിന് കേരള കോൺഗ്രസ് എം? : ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചു ? 'തുടരും' എന്ന് റോഷി അഗസ്റ്റിൻ, കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക് | LDF
Updated on

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു മുന്നണി മാറ്റത്തിന് കളമൊരുങ്ങുന്നതായി സൂചന. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ യുഡിഎഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് തീവ്രമായ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതായാണ് വിവരം. സോണിയ ഗാന്ധി ജോസ് കെ മാണിയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്.(Will Kerala Congress M leave LDF ?)

എൽഡിഎഫിന്റെ വരാനിരിക്കുന്ന മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ലെന്നാണ് വിവരം. പകരം ഡോ. ജയരാജ് ജാഥ നയിച്ചേക്കും. യുഡിഎഫിലേക്ക് മടങ്ങുന്നതാണ് പാർട്ടിയുടെ വോട്ട് ബാങ്ക് നിലനിർത്താൻ നല്ലതെന്ന് ഒരു വിഭാഗം നേതാക്കൾ ജോസ് കെ മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണി മാറ്റ ചർച്ചകൾക്കിടയിൽ എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'തുടരും' എന്ന കുറിപ്പോടെ മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ എത്തിയത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

മുന്നണി മാറ്റ നീക്കങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിനും എംഎൽഎമാരായ പ്രമോദ് നാരായണും സെബാസ്റ്റ്യൻ കുളത്തുങ്കലും രംഗത്തെത്തി. യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാർത്തകൾ സജീവമായതോടെയാണ് മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിൽ ജോസ് കെ. മാണി ഇല്ല എന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം 'തുടരും 2026' എന്ന് കുറിച്ചാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പങ്കുവെച്ചത്. ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് ഇരുവരും നൽകുന്നത്.

പാർട്ടി നേതൃത്വത്തിനിടയിൽ മുന്നണി മാറ്റത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെന്നാണ് സൂചന. ഒരു വിഭാഗം യുഡിഎഫിനൊപ്പം നിൽക്കുന്നതാണ് രാഷ്ട്രീയമായി ഗുണകരമെന്ന് വാദിക്കുന്നു. ഹൈക്കമാൻഡ് തലത്തിൽ ജോസ് കെ മാണിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

കേരള കോൺഗ്രസ് എം തിരികെയെത്തിയാൽ അത് യുഡിഎഫിന് വലിയ കരുത്താകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ ഔദ്യോഗികമായി ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനായി കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. ജനുവരി 16-ന് ഡൽഹിയിൽ വെച്ചാണ് നിർണ്ണായകമായ യോഗം നടക്കുക. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചർച്ചകളിൽ പങ്കെടുക്കും.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com