തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ. യുഡിഎഫിനോട് അയിത്തമില്ലെന്നും എന്നാൽ അവർക്കുണ്ടായ തെറ്റിദ്ധാരണകൾ തിരുത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഡിഎയിലെ അതൃപ്തി പരിഹരിക്കപ്പെട്ടില്ലെങ്കിൽ സ്വതന്ത്രമായി നിലകൊള്ളാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will cooperate with NDA if the mistakes are corrected, says Vishnupuram Chandrasekharan)
എൻഡിഎ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കും. രാജീവ് ചന്ദ്രശേഖറിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ മുന്നണിയിൽ തുടരും. ഉചിതമായ തീരുമാനം ഉണ്ടാകുന്നത് വരെ എൻഡിഎയിൽ നിസ്സഹകരണം തുടരും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ നൽകിയില്ല എന്നത് വസ്തുതയാണെന്ന് അദ്ദേഹം ആരോപിച്ചു. നാല് മാസം മുൻപ് വി.ഡി. സതീശനും കെ. മുരളീധരനുമായി സംസാരിച്ചിരുന്നു. എന്നാൽ യുഡിഎഫിനെ വഞ്ചിച്ചിട്ടില്ല. അവർ വാതിൽ അടച്ചെങ്കിൽ അടച്ചിരിക്കട്ടെ, ഇരന്നുപോകാൻ താൽപ്പര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎയിൽ തന്റെ പാർട്ടിയോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. പല നേതാക്കളും പാർട്ടിയെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുകയാണ്. കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും തങ്ങളെ ക്ഷണിച്ചില്ല. തങ്ങൾ ആരുടെയും അടിമകളല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 6 സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടിയുടെ തീരുമാനം. തിരുവനന്തപുരത്ത് കോവളം, അരുവിക്കര, പാറശ്ശാല എന്നിവിടങ്ങളും, ഇടുക്കിയിൽ പീരുമേട്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളുമാണ് ഇത്. "പൊരുതി നേടും" എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എൻഡിഎ ഘടകകക്ഷിയായ വിഎസ്‌ഡിപിയെ (VSDP) ഇനി യുഡിഎഫിന്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മുന്നണി പ്രവേശനത്തിനായി ചർച്ച നടത്തിയ ശേഷം വിഷ്ണുപുരം ചന്ദ്രശേഖരൻ പിന്നോക്കം പോയത് വിശ്വാസവഞ്ചനയാണെന്നാണ് പാർട്ടി വിലയിരുത്തൽ. എൻഡിഎയിൽ കൂടുതൽ പരിഗണന ഉറപ്പാക്കാനുള്ള വിലപേശൽ തന്ത്രമായി ചന്ദ്രശേഖരൻ യുഡിഎഫിനെ ഉപയോഗിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് വിഎസ്‌ഡിപിയെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ പ്രഖ്യാപനം തള്ളിയ വിഷ്ണുപുരം ചന്ദ്രശേഖരൻ, താൻ അത്തരമൊരു അപേക്ഷ നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ഇതോടെ യുഡിഎഫ് നേതൃത്വം പ്രതിരോധത്തിലായി. എന്നാൽ ചന്ദ്രശേഖരൻ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്നും പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
നിലവിൽ എൻഡിഎ ഉപാധ്യക്ഷനായ ചന്ദ്രശേഖരൻ, ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതോടെ മുന്നണിയിൽ കൂടുതൽ മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. എൻഡിഎയോടുള്ള ചില അതൃപ്തികൾ മുന്നണി യോഗത്തിൽ പറയുമെന്നും എന്നാൽ മുന്നണി വിടുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഎസ്‌ഡിപി വിവാദങ്ങൾക്കിടയിലും മറ്റ് പുതിയ കക്ഷികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാനുള്ള നീക്കം യുഡിഎഫ് തുടരുകയാണ്. പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത് പോലെ പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാകും. ജനുവരിയോടെ നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാനാണ് യുഡിഎഫ് തീരുമാനം. മുന്നണിയുടെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.