തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ്. വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ഇടതുമുന്നണിക്കൊപ്പം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലായിലടക്കം മധ്യകേരളത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി.(Will continue in LDF, Jose K Mani rejects UDF invitation)
"ഇടതു മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ല. ആരും വെള്ളം കോരാൻ വരേണ്ട. സംഘടനാപരമായി കേരളാ കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്," എൽ.ഡി.എഫ്. യോഗത്തിന് ശേഷം ജോസ് കെ. മാണി പ്രതികരിച്ചു.
പി.ജെ. ജോസഫ് വിഭാഗത്തെ ജോസ് കെ. മാണി രൂക്ഷമായി പരിഹസിച്ചു. "വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്," അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായെങ്കിലും കേരളാ കോൺഗ്രസ് (എം)-ന് വേണ്ടി യു.ഡി.എഫ്. ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് യു.ഡി.എഫ്. നേതാക്കൾ ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ യു.ഡി.എഫിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടിയല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
അഞ്ച് കൊല്ലം മുമ്പ് യു.ഡി.എഫ്. അപമാനിച്ച് ഇറക്കിവിട്ടതാണെന്ന ഓർമ്മപ്പെടുത്തൽ പാർട്ടി നേതൃത്വം അണികൾക്ക് നൽകിയിട്ടുണ്ട്. മുന്നണി മാറ്റ ചർച്ച സജീവമായ സാഹചര്യത്തിൽ അണികളിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റമില്ലെന്ന് പാർട്ടി ചെയർമാൻ നേതാക്കളെ അറിയിച്ചത്.