തിരുവനന്തപുരം: ശാസ്തമംഗലത്തെ എം.എൽ.എ ഓഫീസ് വിവാദത്തിൽ കോർപ്പറേഷൻ കെട്ടിടങ്ങളുടെ വാടകയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. വി.കെ. പ്രശാന്തും ആർ. ശ്രീലേഖയും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയണമെന്ന ആവശ്യം ഉയർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will check rental-related documents, Mayor VV Rajesh supports R Sreelekha)
300 സ്ക്വയർ ഫീറ്റ് മുറിക്ക് വെറും 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. എം.എൽ.എ ഓഫീസിന് ഇളവുകൾ നൽകാമെങ്കിലും, സമാനമായ രീതിയിൽ സ്വകാര്യ വ്യക്തികൾക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങൾ നൽകിയിട്ടുണ്ടോ എന്ന് സമഗ്രമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു വലിയ രാഷ്ട്രീയ തർക്കമാക്കേണ്ട കാര്യമില്ല. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. നഗരസഭാ പരിധിയിൽ ഓടാൻ കേന്ദ്ര സർക്കാർ അനുവദിച്ച ബസുകൾ മറ്റ് റൂട്ടുകളിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിലും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എയും കൗൺസിലറും തമ്മിൽ നേരിൽ കണ്ട് സംസാരിച്ചെങ്കിലും തങ്ങളുടെ നിലപാടുകളിൽ ഇരുവരും മാറ്റം വരുത്തിയിട്ടില്ല. മാർച്ച് 31 വരെ വാടക കാലാവധിയുണ്ട്, അതുവരെ ഓഫീസ് ഒഴിയാൻ തയ്യാറല്ല എന്നാണ് വി.കെ. പ്രശാന്ത് പറഞ്ഞത്. കൗൺസിലർ ഓഫീസിൽ സ്ഥലപരിമിതിയുണ്ട് എന്നും എം.എൽ.എ മാറുന്നത് വരെ താനും ഇതേ കെട്ടിടത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കുമെന്നും ആർ. ശ്രീലേഖ പറഞ്ഞു.