'മത്സരിച്ചാൽ നിലം തൊടാതെ തോൽപ്പിക്കും': മുല്ലപ്പള്ളിക്കെതിരെ ജന്മനാട്ടിൽ പോസ്റ്റർ പ്രതിഷേധം | Mullappally Ramachandran
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ. 'സേവ് കോൺഗ്രസ്' എന്ന പേരിലാണ് മുല്ലപ്പള്ളിക്കെതിരെ നാദാപുരം, മുക്കാളി, ചോമ്പാല എന്നിവിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.(Will be defeated, Poster protest against Mullappally Ramachandran in his hometown)
നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലം തൊടാതെ തോൽപ്പിക്കുമെന്നാണ് പോസ്റ്ററിലെ പ്രധാന ഭീഷണി. മുല്ലപ്പള്ളി രാമചന്ദ്രൻ വിശ്രമജീവിതം തുടരട്ടെ എന്നും പോസ്റ്ററുകൾ പരിഹസിക്കുന്നു. മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണിതെന്നും പോസ്റ്ററുകളിൽ പറയുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. താനൊരു അച്ചടക്കമുള്ള പ്രവർത്തകനാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
