

ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ആരാകും ഇത്തവണ കപ്പ് ഉയർത്തുക എന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി എത്തിയ ഈ സീസണിൽ ഇനി അവശേഷിക്കുന്നത് ഏഴ് പേരാണ്. ഇതിൽ ടോപ്പ് ത്രീയിൽ എത്തുമെന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഒരു മത്സരാർത്ഥിയാണ് അക്ബർ ഖാൻ.
സംഗീത റിയാലിറ്റി ഷോയായ സരിഗമപ-യിലൂടെയാണ് അക്ബർ മലയാളികൾക്കിടയിൽ സുപരിചിതനായത്. അക്‌ബറിന്റെ ആലാപനമികവ് ഇന്ന് മലയാളകര ഒന്നാകെ നെഞ്ചേറ്റി കഴിഞ്ഞു. ഇവിടെ നിന്ന് പിന്നീട് അക്ബർ എത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലേക്ക് ആണ്. ബിഗ് ബോസ് സീസൺ ഏഴിൽ എത്തിയ അക്ബറിന് മുൻപ് കിട്ടിയ ജനപിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് വലിയ രീതിയിലുള്ള വിമർശനം താരം ഏറ്റുവാങ്ങുന്ന കാഴ്ചയും കണ്ടിരുന്നു.
ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് നേരിട്ട ഒരാളാണ് അക്ബർ. ഒരിക്കൽ വീട്ടിലെ വിഷമങ്ങളും ബുദ്ധിമുട്ടുകളും കാരണം ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് അക്ബർ തന്നെ തുറന്നു പറഞ്ഞിരുന്നു. വിഷക്കുപ്പി വാങ്ങി വച്ചെന്നും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും എന്നാൽ ദൈവത്തിന്റെ തീരുമാനം മറ്റൊന്ന് ആയിരുന്നുവെന്നുമാണ് ഒരിക്കൽ അക്ബർ പറഞ്ഞത്.
കുടുംബത്തിന് ലക്ഷങ്ങളുടെ കടം ഉണ്ടെന്നും , കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ അത് തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുകയാണെന്നും മുൻപ് അക്ബർ പറഞ്ഞിരുന്നു. പണം കണ്ടെത്താനായി സ്റ്റേജുകളിൽ പാടുന്നതിന് പുറമേ ജെസിബി ഡ്രൈവർ ആയും ജോലി ചെയ്തു. കഴിഞ്ഞ വർഷം ആയിരുന്നു അക്ബറിന്റെ വിവാഹം. ഷെറിൻ ഖാൻ ആണ് അക്ബറിന്റെ ഭാര്യ. ഡോക്ടർ ആണ്. ലക്‌നൗ സ്വദേശിയായ ഷെറിൻ അവിടുത്തെ രാജകുടുംബാംഗമാണ്.