കാട്ടാന കബാലിയെ പ്രകോപിപ്പിച്ച സംഭവം: തമിഴ്നാട് രജിസ്ട്രേഷൻ വാഹനം തിരിച്ചറിഞ്ഞു, വനം വകുപ്പ് നടപടിയെടുക്കും | Wild elephant

ഹോൺ മുഴക്കിയും വാഹനം മുന്നോട്ടെടുത്തുമായിരുന്നു ഇവർ കാട്ടാനയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്.
കാട്ടാന കബാലിയെ പ്രകോപിപ്പിച്ച സംഭവം: തമിഴ്നാട് രജിസ്ട്രേഷൻ വാഹനം തിരിച്ചറിഞ്ഞു, വനം വകുപ്പ് നടപടിയെടുക്കും | Wild elephant
Published on

തൃശൂർ: കാട്ടാന കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ വനം വകുപ്പ് നടപടിയെടുക്കാൻ ഒരുങ്ങുന്നു. റോഡിന് കുറുകെ നിന്ന ആനയെ പ്രകോപിപ്പിച്ചവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് മദപ്പാടുള്ള കബാലിയുടെ അടുത്തെത്തിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചത്.(Wild elephant Kabali angered by Vehicle )

ഹോൺ മുഴക്കിയും വാഹനം മുന്നോട്ടെടുത്തുമായിരുന്നു ഇവർ കാട്ടാനയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുള്ളപ്പോഴാണ് തമിഴ്നാട് സ്വദേശികളുടെ ഈ പ്രവർത്തി നടന്നത്. ഇക്കാര്യങ്ങളും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ മദപ്പാടുള്ള ഒറ്റയാൻ കബാലി അന്തർ സംസ്ഥാന പാതയിലെ ആനക്കയത്ത് 15 മണിക്കൂറിലധികം നിലയുറപ്പിച്ചതിനെ തുടർന്ന് വാഴച്ചാൽ-മലക്കപ്പാറ റോഡിൽ ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. ഇടയ്ക്ക് അല്പനേരം മാറിയെങ്കിലും വീണ്ടും ആന റോഡിന് നടുവിലേക്ക് വന്നതോടെ ഒരു രാത്രി മുഴുവൻ നിരവധി വാഹനങ്ങൾ ഉൾക്കാട്ടിൽ കുടുങ്ങി. നേരം പുലർന്ന ഏഴരയോടെ ആന റോഡിനോട് ചേർന്ന് ഇല്ലിക്കാട്ടിലേക്ക് കയറിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അതേസമയം, മദപ്പാടുള്ള ആന കാടുകയറുന്നത് വരെ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. ഇതിനിടെ തൃശ്ശൂർ പാലപ്പിള്ളിയിലും കാട്ടാനക്കൂട്ടം ഇറങ്ങി. ഹാരിസൺ മലയാളം ഡിവിഷനിലെ എലിക്കോട് പാഡിക്ക് സമീപമാണ് രാത്രിയിൽ കാട്ടാനകൂട്ടം ഇറങ്ങിയത്. ഇവിടെ വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com