തൃശൂർ: കുതിരാൻ ഇരുമ്പുപാലം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ചു.( Wild elephant in Thrissur, Elephants brought from Wayanad to avoid nuisance)
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശല്യക്കാരനായ കാട്ടുകൊമ്പൻ ഇരുമ്പുപാലത്തെ ജനവാസ മേഖലയിൽ വീണ്ടുമെത്തിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന പ്രദേശവാസികൾക്കിടയിൽ ഭീതി പരത്തിയത്.
ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായി ശല്യം സൃഷ്ടിക്കുന്ന കാട്ടുകൊമ്പനെ തുരത്തുന്നതിനും ഉൾവനത്തിലേക്ക് മാറ്റുന്നതിനുമായാണ് കുങ്കിയാനകളെ എത്തിച്ചത്. വയനാട്ടിൽ നിന്നെത്തിച്ച ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളാണ് ദൗത്യത്തിനായി രംഗത്തുള്ളത്.
കാട്ടാനയുടെ തുടർച്ചയായ സാന്നിധ്യം പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും സുരക്ഷയെയും ബാധിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി എന്ന നിലയിൽ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടുകൊമ്പനെ തുരത്താൻ വനംവകുപ്പ് തീരുമാനിച്ചത്.