മലപ്പുറം: കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് സ്റ്റേഷൻ പരിധിയിലെ അമരമ്പലം ടി.കെ. കോളനി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. പൂത്തോട്ടക്കടവിൽ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഏകദേശം 40 വയസ്സ് പ്രായമുള്ള ആനയുടെ ജഡം കണ്ടത്. ജഡത്തിന് ഏകദേശം ഒരു ദിവസത്തെ പഴക്കമുണ്ട്.(Wild elephant carcass found in Malappuram)
വനത്തിനകത്ത് കാട്ടാനകൾ തമ്മിൽ കുത്തുകൂടിയപ്പോൾ കാൽ തെന്നി വീണതു കാരണമുള്ള ആഘാതമാകാം ആന ചരിയാൻ ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് റേഞ്ച് ഓഫീസർ പി. രാജീവ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. നുജും എന്നിവർ സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
നിലമ്പൂർ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, സീനിയർ വെറ്റിനറി സർജൻ ഡോ. നൗഷാദലി എന്നിവർ ചേർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ആനയുടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.