
തൃശൂർ : വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. അതിരപ്പളിള്ളി വാഴച്ചാൽ കാരാമ്പറമ്പിൽ ഉൾവനത്തിലാണ് കാട്ടാന ആക്രമണമുണ്ടായത്.
വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 7 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിനു പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് കാട്ടാനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു.