

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഊരിലെ മണി (42) ആണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം.(Wild elephant attack in Wayanad, man guarding crops gets seriously injured)
കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുകയായിരുന്നു മണി. കാട്ടാന ഇറങ്ങിയതറിഞ്ഞ് ആനയെ തുരത്താനായി പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി മണിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ മണിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കാലുകൾക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ, പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.