കോഴിക്കോട്: ബാലുശ്ശേരി സംസ്‌കൃത കോളേജ് കാമ്പസിനുള്ളിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. കോളേജ് അധ്യാപകനായ മനോജ് കുമാർ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വൈകീട്ട് 3.30-ഓടെയാണ് കാട്ടുപന്നി കോളേജ് കോമ്പൗണ്ടിനകത്ത് പ്രവേശിച്ചത്.(Wild boar attacks college compound in broad daylight)
ഈ സമയം ലൈബ്രറിയിൽ നിന്നും ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകൻ മനോജ് കുമാറിനെ കണ്ടയുടൻ പന്നി പാഞ്ഞടുക്കുകയായിരുന്നു. പൊടുന്നനെ മനോജ് കുമാർ ഒഴിഞ്ഞു മാറിയതിനാൽ പന്നി ചുമരിൽ പോയി ഇടിച്ചു. ഉടൻ തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു. ആക്രമണ സമയത്ത് വിദ്യാർത്ഥികൾ ആരും പുറത്തില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ബാലുശ്ശേരി ടൗണിനോട് ചേർന്നാണ് സംസ്‌കൃത കോളേജ് പ്രവർത്തിക്കുന്നത്. കോളേജിന്റെ പരിസരം കാടുപിടിച്ച നിലയിലാണ്. ഇവിടെ മൃഗങ്ങൾ താവളമാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നിയുടെ ആക്രമണം കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കും വലിയ ഭീഷണിയായിരിക്കുകയാണ്.