കോഴിക്കോട്: ഉണ്ണികുളം നെരോത്ത് കൊന്നക്കൽ ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പണ്ടാരപ്പറമ്പിൽ പി.പി. മോഹനനാണ് (54) പരിക്കേറ്റത്. ഇദ്ദേഹത്തെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Wild boar attacked man who had gone to cut grass)
മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാൻ പോയതായിരുന്നു മോഹനൻ. പറമ്പിൽ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത കാട്ടുപന്നി തേറ്റകൊണ്ട് ഇദ്ദേഹത്തെ കുത്തി വീഴ്ത്തുകയായിരുന്നു. ഇയാൾക്ക് ശരീരമാസകലം പരിക്കേറ്റു.
നെരോത്ത് കൊന്നക്കൽ പ്രദേശത്ത് കാട്ടുപന്നി ശല്യം അതീവ ഗുരുതരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഈ പ്രദേശത്ത് മുൻപും നിരവധി പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.