

പാലക്കാട്: വല്ലപ്പുഴ ചെറുകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറ്റുമുറി സ്വദേശി പാറുക്കുട്ടി അമ്മയ്ക്കാണ് (76) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു വരികയായിരുന്നു പാറുക്കുട്ടി അമ്മ. പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്ന് ഓടിവന്ന കാട്ടുപന്നി ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പന്നിയുടെ ശക്തമായ ഇടിയേറ്റ പാറുക്കുട്ടി അമ്മ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് തെറിച്ചു വീണത്.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തോട്ടിൽ നിന്നും ഇവരെ പുറത്തെടുത്തത്. തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും വനംവകുപ്പിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പാറുക്കുട്ടി അമ്മയുടെ മകൻ വിജയൻ കുറ്റപ്പെടുത്തി. പകൽസമയത്ത് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരെന്നും ഇവർ പറയുന്നു.