തിരുവനന്തപുരം: എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.എസ്. ശബരീനാഥൻ. അത്യാധുനിക സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവ് മണ്ഡലത്തിലുണ്ടായിരിക്കെ എന്തിനാണ് കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്ന് ശബരീനാഥൻ ചോദിച്ചു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Why use this room, leaving the MLA hostel when the government is providing it free of cost? KS Sabarinathan to VK Prasanth)
നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പരിധിയിലാണ്. ഇവിടെ നിള ബ്ലോക്കിലെ 31, 32 നമ്പറുകളിൽ പ്രശാന്തിന് രണ്ട് ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സജ്ജീകരണം, കാർ പാർക്കിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും സർക്കാർ സൗജന്യമായി ഇവിടെ നൽകുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക കെട്ടിടത്തിലാണ് ഓഫീസ് നടത്തുന്നത്. താൻ ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് വാടക മുറിയിലാണ് പ്രവർത്തിച്ചിരുന്നത്. സർക്കാർ സൗജന്യമായി മുറികൾ നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നതെന്ന് ശബരീനാഥൻ കുറിപ്പിൽ ചോദിച്ചു.
നഗരസഭാ കെട്ടിടം അവിടുത്തെ കൗൺസിലർമാർക്ക് പ്രവർത്തിക്കാനുള്ള സൗകര്യമായി വിട്ടുനൽകണമെന്നും എംഎൽഎ ഹോസ്റ്റലിലേക്ക് ഓഫീസ് മാറ്റുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്തമംഗലം വാർഡിലെ നഗരസഭാ കെട്ടിടത്തിൽ എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്നതും അതിന്റെ വാടകയുമായി ബന്ധപ്പെട്ടും വലിയ രാഷ്ട്രീയ വിവാദമാണ് തിരുവനന്തപുരത്ത് ഉടലെടുത്തിരിക്കുന്നത്. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ കോർപ്പറേഷൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
KS ശബരീനാഥൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം
ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ MLA യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ MLA ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ MLA ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.
ശബരി