

ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി 9 ദിവസമാണ് ഉള്ളത്. ബിബി ഹൗസിൽ ഇനിയുള്ളത് 8 മത്സരാർത്ഥികളാണ്. സീസൺ ആരംഭിച്ചപ്പോൾ മുതൽ വീട്ടിൽ നടക്കുന്ന വഴക്ക് ആഹാരത്തെക്കുറിച്ചാണ്. സീസൺ അവസാനിക്കാറായിട്ടും മത്സരാർത്ഥികൾക്കിടയിൽ ആ വഴക്ക് തീരുന്നില്ല എന്നതാണ് വിഷയം. ഇപ്പോൾ തൻ്റെ മുട്ട മറ്റാരോ എടുത്തുവെന്ന് പറഞ്ഞു ശാപവാക്കുകളുമായി സാബുമാൻ. 'എൻ്റെ മുട്ട എടുക്കുന്നവൻ മുടിഞ്ഞുപോകും' എന്ന് സാബു ശപിക്കുന്നു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്. ഇന്ന് 9.30നുള്ള എപ്പിസോഡിൽ ഇത് കാണാം.
‘ആരാണ് മുട്ട കൂടുതലെടുത്തത്?’ എന്ന് സാബുമാൻ ചോദിക്കുന്നുണ്ട്. ‘എന്ത് വൃത്തികെട്ട പരിപാടിയാണ് ഇവർ കാണിക്കുന്നത്?’ എന്ന് ചോദിക്കുമ്പോൾ ‘മൂന്ന് മുട്ട ഉണ്ടോ?’ എന്ന് അക്ബർ തിരിച്ച് ചോദിക്കുന്നു. 'ഞാൻ ആകെ കഴിച്ചത് ഒരു മുട്ടയാണ്' എന്ന് സാബുമാൻ പറയുന്നു. ഉള്ളസമയത്ത് വേണമെങ്കിൽ എടുത്ത് കഴിക്കണമെന്ന നെവിൻ്റെ പ്രസ്താവന സാബുവിനെ ചൊടിപ്പിക്കുന്നു. ‘ഇവിടെ ആകപ്പാടെ എട്ട് പേരേയുള്ളൂ. ഇവർക്കൊക്കെ ഒരിതില് നിന്നുകൂടെ. കാര്യമായിട്ട് വെറും വൃത്തികെട്ട പരിപാടിയാണ് കാണിക്കുന്നത്’ എന്ന് സാബു പറയുമ്പോൾ, 'ഞാനല്ല എടുത്തത്' എന്ന് നെവിൻ പറയുന്നു. ഞാനല്ല എടുത്തതെന്ന് അക്ബറും പറയുന്നു.
തുടർന്ന്, സാബുമാൻ അടുക്കളയിൽ തൻ്റെ മുട്ട പരതുന്നു. 'വേഗം പുഴുങ്ങിക്കഴിച്ചോ' എന്ന് സാബുമാനെ അക്ബർ ഉപദേശിക്കുന്നു. ‘മുട്ട ഞാനിവിടെ വെക്കുകയാണ്. എടുക്കുന്നവൻ മുടിഞ്ഞുപോകട്ടെ’ എന്ന് പറഞ്ഞ് സാബു തൻ്റെ മുട്ട അടുക്കളയുടെ മൂലയിൽ വെക്കുന്നു.
ബിബി ഹൗസിൽ ഇനി അവശേഷിക്കുന്നത് എട്ട് പേരാണ്. അനുമോൾ, ആദില, നൂറ, ഷാനവാസ്, സാബുമാൻ, നെവിൻ, അക്ബർ, അനീഷ് എന്നിവരാണ് ഇനി ബിബി ഹൗസിലുള്ളത്. ഇതിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഫൈനൽ ഫൈവിലെത്തിയിട്ടുണ്ട്. ബാക്കി ഏഴ് പേരിൽ നിന്ന് നാലുപേർ കൂടി ഫൈനൽ ഫൈവിലെത്തും. മൂന്നുപേർ വരുന്ന ദിവസങ്ങളിൽ ഹൗസിൽ നിന്ന് പുറത്താവും.