തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിലെ ഉന്നതർക്ക് പങ്കുണ്ടെന്നും സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും അവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്നും അദ്ദേഹം പറഞ്ഞു.(Who would believe that all this happened without the minister's knowledge? Ramesh Chennithala on Sabarimala gold theft case)
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണത്തെ സൂചിപ്പിച്ചുകൊണ്ട്, "മന്ത്രി അറിയാതെ ഇതൊക്കെ നടന്നു എന്ന് പറഞ്ഞാൽ അത് ആര് വിശ്വസിക്കും?" എന്നും ചെന്നിത്തല ചോദിച്ചു. രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയുന്നതല്ല ഇത്രയും വലിയൊരു കൊള്ള. ഇതിന് പിന്നിൽ സർക്കാരിലെയും സി.പി.എമ്മിലെയും ഉന്നതർക്ക് പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മാത്രം ഈ കേസിലെ എല്ലാ കണ്ണികളെയും കണ്ടെത്താനാവില്ല. കൊള്ളയുമായി ബന്ധപ്പെട്ട ഇടപാടുകൾ വിദേശത്തും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. എസ്.ഐ.ടിയെ കുറ്റപ്പെടുത്തുന്നില്ല എന്നും, സമ്മർദ്ദമുണ്ടാകാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.