തിരുവനന്തപുരം: കോർപ്പറേഷന്റെ പുതിയ മേയറെ ബിജെപി ഇന്ന് പ്രഖ്യാപിക്കും. ചരിത്രവിജയത്തിന് പിന്നാലെ നഗരസഭയുടെ അമരത്ത് ആര് വരുമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതോടെ മേയർ തിരഞ്ഞെടുപ്പിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.(Who will run for the post of Thiruvananthapuram Mayor?)
ബിജെപി ജില്ലാ പ്രസിഡന്റും പരിചയസമ്പന്നനായ നേതാവുമായ വി.വി. രാജേഷിനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. മുൻ ഡിജിപിയായ ശ്രീലേഖയുടെ പേരും പട്ടികയിൽ മുൻനിരയിലുണ്ട്. രാജേഷിനും ശ്രീലേഖയ്ക്കും പുറമെ അപ്രതീക്ഷിതമായ മറ്റൊരു പേര് മേയർ സ്ഥാനത്തേക്ക് വന്നാലും അത്ഭുതപ്പെടാനില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രകാശ് ജാവ്ദേക്കറും സസ്പെൻസ് തുടരുമെന്നാണ് വ്യക്തമാക്കിയത്.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മിലെ ആർ.പി. ശിവജി മത്സരിക്കും. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുമെന്ന് ഇരു മുന്നണികളും അറിയിച്ചു.