തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി ശരിയാണെന്ന് തെളിയുകയാണെന്ന് രമേശ് ചെന്നിത്തല. ആസൂത്രിതമായ വലിയൊരു കൊള്ളയാണ് നടന്നതെന്നും ഇതിന് പിന്നിൽ ഉന്നതരായ വ്യക്തികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(Where is the Gold ? Ramesh Chennithala in Sabarimala gold theft case)
ശബരിമലയിൽ നിന്ന് കവർന്ന സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ പുരാവസ്തുവായി വിൽക്കാനായി വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. തൊണ്ടിമുതൽ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യം പുറത്തുവരണമെങ്കിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സി.ബി.ഐ അന്വേഷണം തന്നെ നടക്കണം. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരിമിതികളുണ്ട്. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതികളായ പാർട്ടിക്കാരെ സംരക്ഷിക്കുകയാണ്. ജയിലിലുള്ള മൂന്ന് നേതാക്കളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. "അയ്യപ്പന്റെ മുതൽ അടിച്ചുകൊണ്ടുപോയവരാരും രക്ഷപ്പെടാൻ പോകുന്നില്ല. നിയമത്തിന് മുന്നിൽ അവരെ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരും"- ചെന്നിത്തല വ്യക്തമാക്കി. ഒരു വിദേശ മലയാളി നൽകിയ വിവരങ്ങൾ എസ്.ഐ.ടിയെ അറിയിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.