"മുടിയുടെ പ്രശ്നം വന്നപ്പോൾ നാണംകെട്ട് നാറി, എങ്ങനേലും ഹൗസിൽ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നി"; രേണു സുധി | Bigg Boss

''വീട്ടിൽ അനീഷാണ് ഏറ്റവും നല്ല മത്സരാർത്ഥി,. നിലപാടുള്ള ഒരു വ്യക്തി; ഹൗസിൽ മണ്ടത്തരം കാണിച്ച പ്ലയർ അപ്പാനി ശരത് ആയിരുന്നു"
Renu
Published on

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ചത് മുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കി കണ്ട മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ വീട്ടിലെത്തിയ താരം ക്യാമറകൾക്ക് പോലും കാണാൻ സാധിക്കാത്ത വിധം മാറി നിൽക്കുന്ന കാഴ്ചയാണ് കാണാനായത്. ഗെയിമിലും പ്രശ്നങ്ങളിലും ഒന്നും രേണു ഇടപ്പെടാറിലായിരുന്നു. ഇതിനിടെ, തനിക്ക് ഷോയിൽ നിന്നും പുറത്ത് പോകണമെന്ന് പലതവണ ബി​ഗ് ബോസിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മത്സരാർത്ഥികൾ ആരും കാണാതെ തനിക്ക് പുറത്ത് പോകണമെന്ന് രേണു ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. 'എൻ്റെ കുഞ്ഞിനെ കാണണം, ബി​ഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുമോ?' എന്നായിരുന്നു രേണു സുധി ക്യാമറ നോക്കി ചോദിച്ചത്. ഒടുവിൽ കഴിഞ്ഞ ദിവസം രേണുവിന്റെ അഭ്യർത്ഥന മാനിച്ച് ബിഗ് ബോസ് അവരെ ഹൗസിൽ നിന്നും പുറത്താക്കി. ഇപ്പോൾ എന്തുകൊണ്ടാണ് തനിക്ക് ബിഗ് ബോസിൽ തുടരാൻ സാധിക്കാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് രേണു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.

സുധി ചേട്ടൻ മരിച്ചപ്പോൾ താൻ ട്രോമയിലായിരുന്നുവെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ തന്നെ സഹായിച്ചത് കുടുംബവും യാത്രകളുമൊക്കെയാണെന്നുമാണ് രേണു പറയുന്നത്. എന്നാൽ ബി​ഗ് ബോസിൽ എത്തിയപ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്കായെന്നും രേണു പറഞ്ഞു. താൻ ബി​ഗ് ബോസ് തുടർച്ചയായി കാണുന്ന ആളല്ലെന്നും വീട്ടിലെത്തിയപ്പോഴാണ് അവിടുത്തെ അവസ്ഥ മനസിലാക്കുന്നതെന്നും രേണു പറഞ്ഞു.

"തന്റെ മുടിയെ കുറിച്ചൊക്കെ ആരോപണങ്ങൾ വന്നപ്പോൾ താൻ പൂർണമായും തളർന്നു. തനിക്ക് ഫിസിക്കൽ ടാസ്കിലൊന്നും ആക്ടീവാകാൻ പറ്റാത്തത് ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ടായിരുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോഴാണ് താൻ പ്രതികരിക്കാറുള്ളത്. എന്നാൽ എന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടാത്ത വ്യക്തിയാണ് ഞാൻ. ഷോ ക്വിറ്റ് ചെയ്തതിൽ യാതൊരു കുറ്റബോധവും ഇല്ല." - രേണു പറഞ്ഞു.

"വീട്ടിൽ അനീഷാണ് ഏറ്റവും നല്ല മത്സരാർത്ഥി. നിലപാടുള്ള ഒരു വ്യക്തിയാണ്. ആരെന്ത് പറഞ്ഞാലും അതിൽ വീഴില്ല. ആരുടെ കൂടേയുമല്ല നിൽക്കുന്നത്. ഹൗസിൽ മണ്ടത്തരം കാണിച്ച പ്ലയർ അപ്പാനി ശരത് ആയിരുന്നു. മുടിയുടെ പ്രശ്നം വന്നപ്പോഴാണ് എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്ന തോന്നൽ വന്നത്. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നി." - രേണു സുധി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com