തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ 15 ദിവസത്തിനുശേഷം പുറത്തിറങ്ങിയതിന് പിന്നാലെ പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ.
കാണ്ടാമൃഗത്തിന്റെ ചിത്രവും തൊലിക്കട്ടി അപാരം എന്ന ക്യാപ്ഷനും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചായിരുന്നു പ്രതികരണം.
വ്യാഴം വൈകിട്ട് നാലോടെ പാലക്കാട് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്.
പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെങ്കിലും, ഒളിവുജീവിതം അവസാനിപ്പിച്ച് വെളിച്ചത്തുവന്നപ്പോഴും മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കിയത് കോൺഗ്രസ് പ്രവർത്തകരാണ്.