

തൃശ്ശൂർ: സമുദായത്തിന് അർഹമായ നീതിക്ക് വേണ്ടി സംസാരിക്കുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വർഗീയവാദിയായി മുദ്രകുത്തിയാലും സമുദായ താത്പര്യങ്ങൾ തുറന്നു പറയുന്നതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തിന് തൃശ്ശൂർ യൂണിയൻ നൽകിയ ആദരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(When I talk about justice, they make it communalism, Vellapally Natesan says there is no change in his stance)
ചില സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ചില സമുദായങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നില്ല. മലപ്പുറത്തെ നാല് നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും ലഭിക്കാത്ത അവസ്ഥയാണ്. മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ അനീതിയെയാണ് താൻ വിമർശിച്ചത്. അത് മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തലോ അവർക്കുള്ള അവകാശങ്ങൾ നിഷേധിക്കലോ അല്ല. നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ വർഗീയവാദിയും, 24 മണിക്കൂറും ജാതിയും മതവും പറയുന്നവർ മിതവാദികളുമാകുന്ന വിരോധാഭാസമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.
'സോദരത്വേന' വാഴുക എന്ന് പറഞ്ഞിട്ട് ഒന്നും ലഭിച്ചില്ല. മറ്റ് സമുദായങ്ങൾ സംഘടിക്കുകയും ശക്തമായ വോട്ട് ബാങ്കുകളായി മാറി രാഷ്ട്രീയ അധികാരം വെട്ടിപ്പിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സാമുദായിക നീതിക്കായി പിന്നാക്ക വിഭാഗങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.