തിരുവനന്തപുരം : കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്ന് നടൻ മമ്മൂട്ടി. അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് മമ്മൂട്ടി പറഞ്ഞു.അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടുമാസമായി ഞാൻ നാട്ടിലുണ്ടായിരുന്നില്ല. ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ല. ഞാൻ ഇപ്പോള്‍ വരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ കാണാനായി. കേരളം പലകാര്യത്തിലും മാതൃകയാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് മാത്രം നമ്മള്‍ വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം.
കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാം.സാമൂഹ്യ സേവന രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്. നമ്മുടെ ജനാധ്യപത്യ ബോധത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ നേട്ടങ്ങളെല്ലാം. അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെക്കാൾ നമ്മുടെ ദാരിദ്ര്യ രേഖ ഇന്ന് കുറഞ്ഞു. കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവര്‍ക്ക് ജന്മദിനവും ആശംസയും നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.