

ബിഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി വെറും 5 ദിവസം മാത്രം. ഫിനാലെ വീക്കായതിനാൽ എവിക്റ്റായ എല്ലാ മത്സരാര്ഥികളും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. ഇനി ജിസേൽ മാത്രമാണ് എത്താനുള്ളത്. എല്ലാവരും എത്തിക്കഴിഞ്ഞപ്പോൾ ആകെ കലുഷിതമായ അന്തരീക്ഷമാണ് ഈ ആഴ്ച ബിബി വീട്ടിൽ. അനുമോളാണ് എല്ലാ പ്രശ്നങ്ങളുടെയും കേന്ദ്രബിന്ദു. ശൈത്യ, ആർജെ ബിൻസി തുടങ്ങിയവർ അനുമോൾക്കെതിരെ രംഗത്തുവന്നപ്പോൾ കഴിഞ്ഞ ദിവസം രാത്രി വൻ തർക്കമാണ് ബിഗ് ബോസ് ഹൗസിൽ നടന്നത്. ഇതിൻ്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
അപ്പാനി കാരണമാണ് ബിൻസി പുറത്തുപോയതെന്ന് അനുമോൾ പറഞ്ഞിരുന്നു. ഇക്കാര്യം ബിൻസി അനുമോളോട് ചോദിച്ചു. എന്നാൽ, താൻ ഇതുമായി ബന്ധപ്പെട്ട് അപ്പാനി ശരതിനോട് മാപ്പ് ചോദിച്ചെന്ന് അനുമോൾ മറുപടി നൽകി. 'മാപ്പ് ചോദിച്ചാലും ഞാൻ പുറത്തനുഭവിച്ചത് അനുമോൾക്കറിയാമോ?' എന്നായി ബിൻസിയുടെ ചോദ്യം. ഇതിനിടയിലാണ് ആദിലയുടെ ഇടപെടൽ.
“നീ അന്ന് വൈറ്റ് ഡ്രസിട്ട് തലേദിവസം രാത്രി ഇരുന്നപ്പോൾ നീ ക്ലിവേജ് കാണിച്ച് അപ്പാനിയുടെ അടുത്ത് പോയി ഇരുന്നു എന്ന് പറഞ്ഞവളാണ് അവൾ” -എന്ന് ആദില പറഞ്ഞു. ഇതോടെ പ്രശ്നം വഷളായി. അക്ബർ, കലാഭവൻ സരിഗ തുടങ്ങിയവർ അനുമോൾക്കെതിരെ രംഗത്തുവന്നു. ഇതോടെ ‘അപ്പാനി അങ്ങോട്ട് പോയിട്ടില്ല, അവളാണ് ഇങ്ങോട്ട് വന്നതെന്ന്’ അപ്പാനി തന്നോട് പറഞ്ഞെന്ന് അനുമോൾ പറഞ്ഞു. പിന്നാലെ അപ്പാനി ബിൻസിയോട് ഇക്കാര്യം ചോദിച്ചു. 'ഞാൻ എപ്പോഴെങ്കിലും ബിൻസിയുടെ അടുത്ത് വന്ന് ഇരുന്നിട്ടുണ്ടോ?' എന്ന് ചോദിച്ചപ്പോൾ, 'ഇല്ല' എന്ന് ബിൻസി മറുപടിനൽകി.
“മോശമായ രീതിയിൽ അടുത്ത് വന്നിരിക്കുകയോ പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ?” എന്ന് അപ്പാനി ചോദിക്കുകയും ഇല്ലെന്ന് ബിൻസി മറുപടി പറയുകയും ചെയ്തു. ബിൻസി തൻ്റെ അടുത്തേക്ക് വന്നപ്പോൾ താൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴും ബിൻസി ഇല്ലെന്ന് പറഞ്ഞു. പിന്നാലെ സ്വന്തം കഴിവ് കൊണ്ടല്ല, പുറത്ത് കാശ് എണ്ണിക്കൊടുത്തത് കൊണ്ടാണ് അനുമോൾ ഇവിടെ തുടരുന്നതെന്ന് ബിൻസി കുറ്റപ്പെടുത്തുകയും ചെയ്തു.