തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സിന്റെ അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തിനു ശേഷമേ കൃത്യമായ കാര്യം കണ്ടെത്താൻ സാധിക്കുകയുള്ളൂ. ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജിലേക്ക് പോയിട്ടുണ്ട്. അവരുടെ സന്ദർശനത്തിനുശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും.