'വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യത? സഭ സിനഡ് യോഗം ചേർന്നപ്പോൾ പോയത് തിണ്ണ നിരങ്ങാനല്ലേ ? KPCC പ്രസിഡൻ്റ് നോക്കുകുത്തിയോ?': ജി സുകുമാരൻ നായർ, സുരേഷ് ഗോപിക്കും വിമർശനം | VD Satheesan

കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ്
'വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യത? സഭ സിനഡ് യോഗം ചേർന്നപ്പോൾ പോയത് തിണ്ണ നിരങ്ങാനല്ലേ ? KPCC പ്രസിഡൻ്റ് നോക്കുകുത്തിയോ?': ജി സുകുമാരൻ നായർ, സുരേഷ് ഗോപിക്കും വിമർശനം | VD Satheesan
Updated on

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായ സംഘടനകളെ തള്ളിപ്പറയുന്ന സതീശന്റെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സുകുമാരൻ നായർ വിമർശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശന്റെ കടുത്ത പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെയാണ് എൻ.എസ്.എസ് നേതൃത്വവും സതീശനെതിരെ രംഗത്തെത്തിയത്.(What qualifications does VD Satheesan have to speak against communalism, asks G Sukumaran Nair)

സമുദായ സംഘടനകളെ അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സതീശന്റെ നിലപാട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശൻ, സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തത് തിണ്ണനിരങ്ങലല്ലേ എന്ന് സുകുമാരൻ നായർ ചോദിച്ചു. സമുദായങ്ങൾക്കെതിരെ മോശമായി സംസാരിച്ച മറ്റൊരാളില്ലെന്നും പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കാതെ സതീശൻ എന്തിനാണ് സമുദായ നേതാക്കളെ കാണാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന് പ്രസിഡന്റില്ലേ എന്നും കെ.പി.സി.സി പ്രസിഡന്റ് വെറും നോക്കുകുത്തിയാണോ എന്നും അദ്ദേഹം ആഞ്ഞടിച്ചു. എല്ലാ കാര്യങ്ങളിലും കയറി മറുപടി പറയുന്ന സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

വർഗീയതയ്ക്കെതിരെ സംസാരിക്കാൻ വി.ഡി. സതീശന് എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, സതീശന്റെ നിലപാടുകൾ കാരണം കോൺഗ്രസിന് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു. നായർ-ഈഴവ സമുദായങ്ങൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എൻ.എസ്.എസ് അത്തരമൊരു കൂട്ടായ്മ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ ഐക്യനീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

ഐക്യം തടഞ്ഞത് മുസ്ലിം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ വാദം അദ്ദേഹം തള്ളി. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു ഐക്യത്തിന് തടസ്സമായത്. എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളില്ല. രാഷ്ട്രീയമില്ലാത്ത 'സമദൂര നിലപാടിൽ' എൻ.എസ്.എസ് ഉറച്ചുനിൽക്കും. സംഘടനയ്ക്ക് പാർലമെന്ററി മോഹങ്ങളില്ല. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിനെതിരെ സംസാരിക്കുന്നത് മുസ്ലിങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് എന്നാൽ മുഴുവൻ മുസ്ലിങ്ങളുമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലേക്ക് സുരേഷ് ഗോപി നടത്തിയ സന്ദർശനം തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന് ജി. സുകുമാരൻ നായർ. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് വെറും രാഷ്ട്രീയ അജണ്ടയുമായാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻ.എസ്.എസിന്റെ പരമാധികാര സഭയിൽ സുരേഷ് ഗോപി കയറിവന്നത് ആരോടും അനുവാദം ചോദിക്കാതെയാണ്. അത് വലിയ അച്ചടക്കലംഘനമാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെയായിരുന്നു സുരേഷ് ഗോപിയുടെ പെരുന്ന സന്ദർശനമെന്ന് അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയമായ നേട്ടങ്ങൾ മാത്രമായിരുന്നു ആ വരവിന് പിന്നിൽ. "അയാൾ തൃശ്ശൂർ പിടിച്ചതുപോലെ എൻ.എസ്.എസ് പിടിക്കാൻ വരണ്ട" എന്ന കടുത്ത താക്കീതും ജി. സുകുമാരൻ നായർ നൽകി. സമുദായ സംഘടനയ്ക്കുള്ളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com