'ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്? ഒരാൾ പ്രതി ചേർത്ത ദിവസം മുതൽ ആശുപത്രിയിൽ, അയാളുടെ മകൻ SPയാണ്, എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ ദേവസ്വം ബോർഡിന് എന്താണ് പണി?': ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി | Sabarimala

എസ്‌ഐടിക്കെതിരെ രൂക്ഷവിമർശനം
What nonsense is going on in this state? High Court in Sabarimala gold theft case
Updated on

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളെയും ദേവസ്വം ബോർഡിന്റെ വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതിയുടെ പ്രധാന അതൃപ്തി.(What nonsense is going on in this state? High Court in Sabarimala gold theft case)

പ്രതി ചേർത്ത ദിവസം മുതൽ ഒരാൾ ആശുപത്രിയിൽ കഴിയുകയാണെന്നും അയാളുടെ മകൻ എസ്‌പി ആയതുകൊണ്ടാണ് ഈ പരിഗണന ലഭിക്കുന്നതെന്നും കോടതി തുറന്നടിച്ചു. "ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്?" എന്ന് ചോദിച്ച ജസ്റ്റിസ് ബദ്റുദ്ദീൻ, എസ്‌ഐടിയുടെ നടപടികൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ചെറിയ ഇരകളെ ഇട്ട് വലിയ മീനുകളെ പിടിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും കോടതി പരിഹസിച്ചു.

ശ്രീകോവിൽ വാതിലും കട്ടിളപ്പാളിയും സ്വർണ്ണം പൂശുന്ന ജോലി ഉണ്ണികൃഷ്ണൻ പോറ്റിയെ മാത്രമാണ് ഏൽപ്പിച്ചതെന്ന പ്രോസിക്യൂഷൻ വാദത്തോട് കോടതി ശക്തമായി പ്രതികരിച്ചു. "എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണി?" എന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. ബോർഡിന്റെ മേൽനോട്ടമില്ലാതെ കാര്യങ്ങൾ നടന്നതിലെ അസ്വാഭാവികത കോടതി ചൂണ്ടിക്കാട്ടി.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർധൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികളാണ് കോടതി പരിഗണിച്ചത്.

ശബരിമലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി താൻ 1.40 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും 25 ദിവസമായി ജയിലിൽ കഴിയുന്ന തന്നെ കേസിൽ കുടുക്കിയതാണെന്നും ഗോവർധൻ വാദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർക്ക് സ്വർണ്ണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പോലീസ് ശക്തമായി എതിർത്തു. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസിൽ നിർണ്ണായകമായ കോടതി നിരീക്ഷണങ്ങൾ വരുന്നത്. പ്രതികളുടെ ജാമ്യഹർജികളിൽ വിധി പറയാനായി കോടതി മാറ്റിവെച്ചു.

Related Stories

No stories found.
Times Kerala
timeskerala.com