തിരുവനന്തപുരം : മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദത്തിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചു. എന്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്.
അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. ഞങ്ങൾ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എന്‍റെ അമ്മ എന്നെ ചുംബിക്കുന്നപോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. എന്‍റെ അമ്മയുടെ പ്രായം ഉള്ള അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല.
ഫേസ്ബുക്ക് മുതലാളികൾ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഡിവോട്ടിയാകാൻ പോയത് അല്ലെന്നും സജി ചെറിയാൻ പറഞ്ഞു. അവർ ദൈവം ആണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞങ്ങളാരും അവർ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം ഞങ്ങൾക്ക് പറ്റില്ല. അതങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്നും സജി ചെറിയാൻ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.