തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി. പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. 2036-ലെ ഒളിമ്പിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബി.ജെ.പി. പ്രകടന പത്രികയിലെ വാഗ്ദാനം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.(What is the connection between the Olympic Association and Rajeev Chandrasekhar, asks Minister V Sivankutty)
"ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ നൽകേണ്ട പ്രകടനപത്രികയാണോ?" എന്ന് ചോദിച്ച മന്ത്രി, തദ്ദേശ തിരഞ്ഞെടുപ്പിന് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള സാമാന്യ വിവരം പോലും ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനില്ലെന്നും കുറ്റപ്പെടുത്തി. ഒളിമ്പിക്സ് വേദി പ്രഖ്യാപിക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ടെന്നും ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
"അതിൽ രാജീവ് ചന്ദ്രശേഖറിന് എന്ത് കാര്യമാണുള്ളത്? ഒളിമ്പിക് അസോസിയേഷനും രാജീവ് ചന്ദ്രശേഖറും തമ്മിൽ എന്ത് ബന്ധമാണുള്ളത്? ജനങ്ങളെ നിരന്തരമായി കബളിപ്പിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നത്," എന്നും അദ്ദേഹം വിമർശിച്ചു. ബി.ജെ.പി. ഒരിക്കലും വാഗ്ദാനങ്ങൾ പാലിക്കാത്ത പാർട്ടിയാണ്. പ്രകടന പത്രികകൾ ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികൾ മാത്രമാണ്.
"കോർപറേഷൻ അധികാരത്തിൽ ബി.ജെ.പി. എത്തിയാൽ വികസന രേഖ പുറത്തിറക്കാൻ പ്രധാനമന്ത്രി എത്തുമെന്നാണ് അടുത്ത വാദം. പ്രധാനമന്ത്രിയെ കൊണ്ടു വരികയൊന്നും വേണ്ട, കേരളത്തിന് നിയമാനുസൃതമായി കേന്ദ്രം തരേണ്ട തുകയുണ്ട്, അത് തന്നാൽ മതി," മന്ത്രി പറഞ്ഞു. 50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകുമെന്ന വാദവും ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടിയാണ്. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ബി.ജെ.പിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നതെന്നും വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സീറ്റുകൾ മുൻപത്തേതിൽ നിന്ന് കുറയുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.