"പറയുന്നത് പ്രവര്‍ത്തിയിലും ഉണ്ടായിരിക്കണം; പ്രശ്നത്തിലേക്ക് ലക്ഷ്മിയുടെ കുട്ടിയെ വലിച്ചിഴച്ചത് ശരിയായില്ല"; റിയാസ് സലീമിനെ വിമർശിച്ച് റോബിൻ രാധാകൃഷ്ണൻ |Bigg Boss

"നല്ല കാഴ്ചപ്പാടും ഒരുപാടു വിഷയങ്ങളിൽ അറിവുമുള്ള വ്യക്തിയാണ് റിയാസ് സലിം, ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്"
Robin
Published on

ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ലെസ്ബിയൻ കപ്പിൾ മത്സരാർഥികളായ ആദിലയെയും നൂറയെയും സഹമത്സരാർത്ഥിയായ വേദലക്ഷ്മി അതിരൂക്ഷമായി വിമർശിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇക്കാരണത്താൽ ലക്ഷ്മിയെ വീക്കൻഡ് എപ്പിസോഡിൽ മോഹൻലാൽ നിർത്തിപൊരിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഷോയിൽ അതിഥിയായെത്തിയ മുൻ ബിഗ് ബോസ് മത്സരാർത്ഥി റിയാസ് സലിം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷ്മിയുമായി കൊമ്പുകോർത്തിരുന്നു.

എന്നാൽ, റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണൻ. പ്രശ്നത്തിലേക്ക് ലക്ഷ്മിയുടെ കുട്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്ന നിലപാടിലാണ് റോബിൻ. ആദിലയെയും നൂറയെയും ലക്ഷ്മി അധിക്ഷേപിച്ച വിഷയത്തിൽ റിയാസ് സലിം ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിയിൽ വീട്ടിലുള്ള കുട്ടിയെ പരാമർശിച്ചത് തെറ്റാണെന്നാണ് റോബിൻ പറയുന്നത്.

"ഒരാൾ തെറ്റ് ചെയ്യുമ്പോൾ അയാളെ വിമർശിക്കാം. എന്നാൽ വീട്ടുകാരെയും കുട്ടികളെയുമെല്ലാം പറയുന്നത് ശരിയായ കാര്യമല്ല. റിയാസ് ഒരു ഫെമിനിസ്റ്റാണ് എന്നാണ് പറയുന്നത്. പക്ഷെ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ റിയാസിനെ വെറുമൊരു ഫക്കെ ഫെമിനിസ്റ്റ് മാത്രമായാണ് പലരും കാണുന്നത്. ഫെമിനിസ്റ്റ് ആണെന്ന് പറയുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. ഇക്കാര്യം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും." - റോബിൻ വ്യക്തമാക്കി.

തന്റെ എൻഗേജ്‌മെന്റ് സമയത്തും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴച്ചിരുന്നുവെന്നും അത് അനാവശ്യ കാര്യമായിരുന്നുവെന്നും റോബിൻ കൂട്ടിച്ചേർത്തു. "പറയുന്നത് പ്രവർത്തിയിലും ഉണ്ടായിരിക്കണം. നല്ല കാഴ്ചപ്പാടും ഒരുപാടു വിഷയങ്ങളിൽ അറിവുമുള്ള വ്യക്തിയാണ് റിയാസ് സലിം. ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ലക്ഷ്മിയുടെ വിഷയത്തിലും റിയാസ് ചെയ്തത് തെറ്റാണ്. കുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചതിന് ക്ഷമ ചോദിക്കുകയാണെങ്കിൽ റിയാസിനെ നമ്മൾ ബഹുമാനിക്കും."- റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com