തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളായ തമിഴ്നാടും പശ്ചിമ ബംഗാളും നിയമപോരാട്ടത്തിലാണ്. തമിഴ്നാടിന് 2,152 കോടി രൂപയും ബംഗാളിന് 1,000 കോടിയിലധികം രൂപയുമാണ് പദ്ധതിയിൽ ചേരാത്തതിനാൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. അതേസമയം, പദ്ധതിയിൽ നേരത്തെ ചേർന്ന പഞ്ചാബ് ഇപ്പോൾ പിന്മാറാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.(What is Kerala's stand in the PM SHRI scheme ?)
രാജ്യത്താകെ 14,500 സ്കൂളുകൾ നവീകരിക്കുന്ന പി.എം. ശ്രീ പദ്ധതിയിൽ ഇതുവരെ ചേരാത്തത് കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ്. ത്രിഭാഷാ നയം അടക്കം പുതിയ വിദ്യാഭ്യാസ നയത്തോടുള്ള വിയോജിപ്പാണ് തമിഴ്നാടിന്റെ പ്രധാന കാരണം.
സുപ്രീം കോടതിയെ സമീപിച്ച തമിഴ്നാട് ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള സംവരണ സീറ്റുകളിലേക്ക് പോലും പ്രവേശനം നടത്താൻ കേന്ദ്രം ഫണ്ട് തടഞ്ഞത് തടസ്സമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് രണ്ടാമതും സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ അടുത്തിടെ 538 കോടി രൂപ നേടിയെടുത്തു. ഇത് വലിയ നേട്ടമായി തമിഴ്നാട് ഉയർത്തിക്കാട്ടുന്നു.
ബംഗാൾ കർശന നിലപാടിൽ
ഒരു കാരണവശാലും പദ്ധതി നടപ്പാക്കില്ലെന്ന കർശന നിലപാടിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആറ് തവണ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിട്ടും കേന്ദ്രമന്ത്രിമാർ അടക്കം സംസ്ഥാനത്തെത്തി ആവശ്യപ്പെട്ടിട്ടും ബംഗാൾ സർക്കാർ കുലുങ്ങിയിട്ടില്ല. ഫണ്ട് ഇനിയും തടഞ്ഞുവെച്ചാൽ ഡൽഹിയിൽ വന്ന് ധർണയിരിക്കുമെന്നാണ് മമത മുന്നറിയിപ്പ് നൽകിയത്.
കേരളം പദ്ധതിയിൽ ചേരാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതോടെ കേന്ദ്രത്തിന് കീഴടങ്ങിയെന്ന വിമർശനം ദേശീയ തലത്തിലും ഉയരാനാണ് സാധ്യത. വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാൾ നേട്ടം കൈവരിച്ച ഈ മൂന്ന് സംസ്ഥാനങ്ങൾക്കും പദ്ധതിയിൽ ചേരാത്തതു കൊണ്ട് മാത്രം ഫണ്ട് തടയുന്നത് നീതീകരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അധ്യക്ഷനായ വിദ്യാഭ്യാസ പാർലമെന്ററി സമിതി മാർച്ചിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഫണ്ട് ഉടനടി നൽകണമെന്ന സമിതിയുടെ നിർദേശവും കേന്ദ്രം അവഗണിച്ചു.
കേന്ദ്രീയ വിദ്യാലയങ്ങൾ പദ്ധതിയുടെ ഭാഗം
ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ പദ്ധതിയുടെ ഭാഗമാണ്. പി.എം. ശ്രീ ഡാഷ് ബോർഡിലെ കണക്കനുസരിച്ച്:
കേരളത്തിൽ: 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (ആകെ 47 സ്കൂളുകൾ).
തമിഴ്നാട്ടിൽ: 36 കേന്ദ്രീയ വിദ്യാലയങ്ങൾ.
പശ്ചിമ ബംഗാളിൽ: 46 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും (ആകെ 60 സ്കൂളുകൾ).