കൊച്ചി : കേരളത്തില്‍ വിതരണം ചെയ്യുന്ന റേഷനരി മുഴുവനും കേന്ദ്രത്തിന്റെതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരുമണി അരിപോലും പിണറായി വിജയന്റേതായി ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് കേന്ദ്രം നല്‍കുന്നത്. ഓണത്തിന് സംസ്ഥനത്തിന് പ്രത്യേക അരിവിഹിതം കേന്ദ്രം അനുവദിച്ചില്ലെന്ന വിമര്‍ശനങ്ങളോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്നത് ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ ധാന്യങ്ങളാണ്. ഇതുകൂടാതെ ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറയാതിരുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ തരുന്നത് കൊണ്ട് നിങ്ങള്‍ വോട്ട് ചെയ്യണമെന്ന് പറയാത്തത്. ഇനിയിപ്പോള്‍ ഇത് വിളിച്ചു പറയാന്‍ ബി.ജെ.പി പ്രവര്‍ത്തകരോട് പറയേണ്ടി വരും. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് താന്‍ അഭ്യര്‍ത്ഥക്കുകയാണ്, എല്ലാദിവസവും ഇത് പറഞ്ഞോണ്ടിരിക്കണമെന്നും കുര്യന്‍ പറഞ്ഞു.
ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.ഓണക്കാലത്ത് കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും അരി നൽകും. കൂടാതെ 22.5 രൂപയ്ക്കും അരി വാങ്ങാം. ഇതെല്ലാം മോദി അരിയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.