കാസർഗോഡ്: ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗർഭാഗ്യകരമാണ് എന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. "വലിയ പ്രതീക്ഷയോടെയാണ് അവർ മുംബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. എന്നാൽ, മൂന്നാറിൽ നടന്നത് ഒരു നെഗറ്റീവ് സംഭവമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.(What happened in Munnar was a negative incident, says Minister PA Mohammed Riyas)
"ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ വന്ന് ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു.ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരാതിരിക്കാൻ ശ്രദ്ധിക്കണം. പോസിറ്റീവ് കാര്യങ്ങൾ കൂടി വാർത്തയാക്കണം," മന്ത്രി വ്യക്തമാക്കി.
മറ്റ് വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും അടക്കം ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽനിന്ന് ചവിട്ടി പുറത്തിട്ട സംഭവവും ദൗർഭാഗ്യകരമാണ്. ട്രെയിനുകളിൽ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്; ഇത് അടിയന്തരമായി ഇടപെടേണ്ട പ്രശ്നമാണ് എന്നും മന്ത്രി പ്രതികരിച്ചു.
ദേശീയപാത 66-ലെ നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പിണറായി സർക്കാർ ആയതുകൊണ്ടാണ് വികസനം ഇത്രത്തോളം ആയതെന്നും അദ്ദേഹം പറഞ്ഞു.