തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയ പാരഡി പാട്ടിനെ ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. കെ.പി.സി.സി യോഗത്തിനെത്തിയ എ.ഐ.സി.സി വക്താവ് പവൻ ഖേര ഇന്ദിര ഭവനിലെ വാർത്താ സമ്മേളനത്തിനിടെ പാട്ടിലെ വരികൾ പാടിയത് ശ്രദ്ധേയമായി. "എന്തൊരു മനോഹരമായ പാട്ടാണിത്" എന്നാണ് അദ്ദേഹം പാട്ടിനെ വിശേഷിപ്പിച്ചത്.(What a beautiful song, Pawan Khera sings viral parody song)
പാട്ടിനെ ഇത്രയധികം ഹിറ്റാക്കിയത് സി.പി.എമ്മിന്റെ മണ്ടത്തരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പരിഹസിച്ചു. പാട്ടിനെതിരായ നടപടി മരവിപ്പിച്ച സർക്കാർ തീരുമാനത്തോട് പ്രതികരിക്കവേ, സർക്കാരിന് വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ ബൂത്ത് കമ്മിറ്റികളും ഈ പാട്ട് പാടുമെന്നും തിരഞ്ഞെടുപ്പിൽ ഇത് വലിയ ആയുധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാട്ടിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതോടെ സർക്കാർ നിലപാട് മാറ്റി. വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് എ.ഡി.ജി.പി നിർദ്ദേശം നൽകി. നിലവിൽ എടുത്തിട്ടുള്ള കേസുകളിലെ തുടർ നടപടികളും മരവിപ്പിക്കാൻ തീരുമാനിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ശക്തമായതോടെയാണ് ഈ പിന്മാറ്റം.