
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിനെതിരെ പ്രതിഷേധത്തിന് ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു(Chief Minister). അമേരിക്ക പിന്തുണ നൽകിയതോടെ ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിക്കുന്നതായും ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കാൻ ലോകമാകെ ഒന്നിച്ച് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന രീതിയിലാണ് ഇസ്രയേൽ അക്രമണം. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കയുടെ ഒത്താശയോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കാൻ ലോകമാകെ ഒന്നിച്ച് ശബ്ദം ഉയർത്തണം. യുദ്ധം അവസാനിപ്പിക്കാൻ യുഎൻ ഇടപെടണം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ മടങ്ങിയെത്തുന്നവർക്ക് സൗകര്യം ഒരുക്കും. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളാ ഹൗസിൽ സൗകര്യം ഒരുക്കും. തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ നോർക്കയുമായി ബന്ധപ്പെടണം" - മുഖ്യമന്ത്രി പറഞ്ഞു.