കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. 36 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 34 വിമാനങ്ങളും റദ്ദാക്കി.(West Asian conflict, 36 services cancelled at Kochi airport today)
ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും തിരുവനന്തപുരം – മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. ഒമാനിലേക്കുള്ള വിമാന സർവീസുകൾ നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്. ദുബായിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ സർവീസ് ആരംഭിച്ചു. യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതാണ് ഇതിന് സഹായകമായത്.
മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നു. ഇത് കൂടുതൽ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ വഴിയൊരുക്കും. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 5 മുതൽ 7 വരെ റാസൽഖൈമയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും.
കൊച്ചി, ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് റാസൽഖൈമയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25-ന് പുറപ്പെടുന്ന വിമാനം രാത്രി 8.55-ന് റാസൽഖൈമയിൽ എത്തും. മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

