തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുന്നണി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള ഈ നീക്കം. നാളത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സാബു ജേക്കബ് പങ്കെടുക്കുമെന്നാണ് സൂചന. രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് ട്വന്റി20 ഒരു രാഷ്ട്രീയ മുന്നണിയുടെ ഭാഗമാകുന്നത്. നേരത്തെ സിൽവർ ലൈൻ വിരുദ്ധ സമരങ്ങളിലും മറ്റും ബിജെപിയുമായി ട്വന്റി20 സഹകരിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്ത വാർത്താസമ്മേളനം നടത്തി. കേരളത്തിന്റെ വികസനത്തിന് നരേന്ദ്രമോദിയുടെ നേതൃത്വം അനിവാര്യമാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപി മേയർ അധികാരമേറ്റതിന് പിന്നാലെ ട്വന്റി20 കൂടി മുന്നണിയിലെത്തുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വലിയ കരുത്താകും. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിൽ ശക്തമായ സ്വാധീനമുള്ള ട്വന്റി20യുടെ വരവ് യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ വെല്ലുവിളിയാണ്.