
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള തുകയിൽ 200 രൂപ വർധിപ്പിക്കാനുള്ള നിർദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.(Welfare pension will be increased)
നിലവിലെ പെൻഷൻ 1600 രൂപയാണ്, ഇതിൽ 200 രൂപ കൂട്ടി 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വർധനവ് പ്രാബല്യത്തിൽ വരുത്തി ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തുക എന്നത് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതിനാൽ അതിന് സാധ്യമല്ലെന്നായിരുന്നു സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നത്.
പ്രകടന പത്രികയിലെ വാഗ്ദാനം 2500 രൂപ ആയിരുന്നു. നിലവിൽ ആറു മാസത്തെ പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കാനുള്ള നടപടികൾ നടന്നുവരികയാണ്. കുടിശ്ശിക കൊടുത്തുതീർത്ത ശേഷം പെൻഷൻ വർധന നടപ്പാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്.