Welfare pension

ക്ഷേമ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കൽ സമയം നീട്ടി | Welfare pension

Published on

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നും വകുപ്പിന് നിർദ്ദേശം നൽകി. ക്ഷേമ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവർ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തിൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. 2025 ഡിസംബർ 31 വരെയാണ് സമയം നൽകിയിരുന്നത്. 62 ലക്ഷത്തിൽപ്പരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്. 2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസംകൂടി നീട്ടിയത്. അക്ഷയ കേന്ദ്രങ്ങൾവഴി ജുൺ 30 നകം വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

Times Kerala
timeskerala.com