തിരുവനന്തപുരം : ഒരു മാസത്തെ കുടിശ്ശിക ഉൾപ്പെടെയുള്ള ക്ഷേമ പെൻഷൻ വിതരണം നവംബർ മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക കൂടി ഉൾപ്പെടുത്തി 3600 രൂപയാണ് ഈ മാസം വിതരണം ചെയ്യുക.(Welfare pension distribution including arrears from November, says KN Balagopal)
നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്നും, പ്രഖ്യാപനങ്ങൾ 'ലോട്ടറി അടിച്ചിട്ട്' നടത്തിയതല്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ക്ഷേമ പദ്ധതികളെ പ്രതിപക്ഷ നേതാവ് പോസിറ്റീവായി കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും, പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ.എൻ. ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം വർധനവ് തങ്ങളുടെ സമരത്തിന്റെ വിജയമാണെന്ന് ആശാ പ്രവർത്തകർ അവകാശപ്പെടുന്നതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.
സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശാ പ്രവർത്തകർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്. സമരം ചെയ്യുന്നവരോട് ദേഷ്യമില്ല.
ഓണറേറിയം വർധിപ്പിക്കാത്തതിന് കാരണം കേന്ദ്ര സർക്കാർ പണം തരാത്തതാണ്. മൂന്ന് വർഷം മുൻപ് തന്നെ ആശാ വർക്കർമാരുടെ ഓണറേറിയത്തിന്റെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. "സമരം കണ്ടിട്ടാണ് ഓണറേറിയം വർധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ" എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യ നിർമാർജന പദ്ധതി എ.കെ. ആന്റണി സർക്കാരിന്റെ പദ്ധതിയെന്ന പ്രതിപക്ഷ വാദത്തെയും മന്ത്രി നിഷേധിച്ചു. ഇങ്ങനെയൊരു പദ്ധതി യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ പദ്ധതികളും പോലെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയും സുതാര്യമാണ്. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.