
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിനോട് ഐക്യപ്പെടുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന തെറ്റായ നിലപാടുകളെയാണ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്. പെൻഷൻ, ക്ഷാമബത്ത, ആരോഗ്യപരിരക്ഷ, നിയമനാംഗീകാരം മുതലായ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പല ഘട്ടങ്ങളിലായി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്ത സന്ദർഭത്തിലാണ് ജീവനക്കാരുടെ സമരം പ്രഖ്യാപിക്കപ്പെട്ടത്.
ഈ കാര്യങ്ങളിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച സംഘടിപ്പിച്ച് സമര ആവശ്യങ്ങളിൽ അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കുന്നതിന് പകരം സമരം ചെയ്യുന്ന ജീവനക്കാർക്ക് നേരെ പ്രതികാര നടപടികൾ പ്രഖ്യാപിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പാരമ്പര്യം അവകാശപ്പെടുന്ന പിണറായി സർക്കാർ സമരം ചെയ്യുന്ന ജീവനക്കാർക്ക് നേരെ പ്രഖ്യാപിച്ചിട്ടുള്ള ശത്രുതാ നിലപാടുകൾ പ്രതിഷേധാർഹമാണ്.